Poetry

Author

Dr Jayan Mannath

A Gastroenterologist, with a keen interest in Malayalam literature and music, Jayan has penned lyrics for Malayalam music albums as well.

പാഴ്മരം

മറ്റൊരു ശിശിരവും കടന്നു പോയി
എന്റെ ചില്ലകളിൽ നിന്നു ഇലക്കൂട്ടമടർന്നു
നീഹാരമണിഞ്ഞു ഉണർത്തെഴുന്നേൽക്കുന്ന
ഈ ഭൂമി തൻ മാറിൽ ചീഞ്ഞളിഞ്ഞു

എന്റെ കൈകൾ ഊട്ടിയുറക്കിയ കൂടൊരുക്കിയ
കിളികളും കുഞ്ഞുങ്ങളും യാത്രയായി
മന്ദമാരുതന്റെ തലോടിലനായി കാത്തിരുന്ന ഞാൻ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു

ധൂമിക വെള്ളപുതപ്പിച്ച അംബരത്തിൽ
വൈകിയെഴുന്നേറ്റ് പാതി മുഖം മറച്ചു ഉദാസീനനായി കതിരവൻ
അസ്തിക്കുളളിലേക്കിറങ്ങി കോച്ചുന്ന ശൈത്യം

വസന്തത്തിന്റെ തേരോട്ടം കാതോർത്തിരുന്നു
വാനം പ്രസന്നവദയായി എന്റെ മനം തുടിച്ചു
കരിവണ്ടിൻ മർമരങ്ങൾ ശ്രവണേന്ദ്രിയങ്ങളിൽ തത്തിക്കളിച്ചു
പുഷ്പങ്ങൾ അണിഞ്ഞൊരുങ്ങി

എന്റെ കരങ്ങളിൽ കതിർനാമ്പുകൾ പൂത്തില്ല
മരവിച്ചുണങ്ങിയ ചർമ്മത്തിൻ വിള്ളലുകളിൽ
ചിതല്പുറ്റുകൾ സ്മാരകങ്ങളൊരുക്കി
കുരുവികൾ മറുമരങ്ങളിൽ പഞ്ജരമൊരുക്കി

കാലചക്രങ്ങൾ മനസ്സിന്റെ ഇടനാഴിയിൽ
വിതറി വീണ കനലുകൾ എരിഞ്ഞടങ്ങി
ഇനിയൊരു ശിശിരവും ശൈത്യവും താങ്ങാനാകാതെ
ഈ പാഴ്മരം ചുടലയിലെരിഞ്ഞമരട്ടെ